പ്രായപൂര്‍ത്തിയായ എല്ലാ പുരുഷന്മാരും നടത്തിയിരിക്കേണ്ട അഞ്ച് പരിശോധനകള്‍

എനിക്ക് രോഗമൊന്നും ഇല്ല, പിന്നെന്തിന് ഞാന്‍ മെഡിക്കല്‍ പരിശോധനകള്‍ നടത്തുന്നതെന്ന് ചിന്തിക്കാന്‍ വരട്ടെ, രോഗനിര്‍ണയം നടത്താന്‍ മാത്രമല്ല രോഗത്തെ ഒരു പരിധിവരെ പ്രതിരോധിക്കാനും നിലവിലുള്ള രോഗങ്ങളുടെ സ്ഥിതി വഷളാവാതിരിക്കാനും ഇത്തരം പരിശോധനകള്‍ നടത്തേണ്ടത് അനിവാര്യമാണ്.

ജീവിതരീതിയും ഭക്ഷണശൈലിയും ജോലി സമ്മര്‍ദ്ദങ്ങളും പലതരത്തിലുള്ള ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ക്കാണ് വഴിയൊരുക്കുന്നത്. അതിനാല്‍ പ്രായപൂര്‍ത്തിയായ ഒരു പുരുഷന്‍ കൃത്യമായ ഇടവേളകളില്‍ നിര്‍ബന്ധമായും ചില മെഡിക്കല്‍ പരിശോധനകള്‍ നടത്തുന്നത് ആരോഗ്യ സ്ഥിതി മനസ്സിലാക്കാനും പല രോഗങ്ങളുടേയും സാധ്യതകള്‍ തുടക്കത്തില്‍ തന്നെ കണ്ടുപിടിക്കാനും സഹായിക്കും.

രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, ഹൃദ്രോഗം, അമിതവണ്ണം, പ്രമേഹം, പാര്‍ക്കിന്‍സണ്‍സ്, ഓര്‍മ്മക്കുറവ്, ശാരീരിക ക്ഷമത സംബന്ധിച്ച പരിശോധനകള്‍ തുടങ്ങിയവയാണ് കൃത്യമായ ഇടവേളകളില്‍ പുരുഷന്മാര്‍ നടത്തേണ്ട പരിശോധനകള്‍. രോഗങ്ങള്‍ നിര്‍ണയിക്കുന്നതിനുള്ള പരിശോധനകള്‍, ഭാവിയില്‍ ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള അപകടസാധ്യത തിരിച്ചറിയാന്‍, ആരോഗ്യകരമായ ഒരു ജീവിതശൈലി പിന്തുടരുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശം എന്നിവയായി ഇത്തരം മെഡിക്കല്‍ പരിശോധനകള്‍ നടത്തേണ്ടതിന്റെ പ്രധാന ആവശ്യകത.

18 മുതല്‍ 65 വയസ്സ് വരെ പ്രായമുള്ള പുരുഷന്മാര്‍ നടത്തേണ്ട പരിശോധനകള്‍

രക്തസമ്മര്‍ദ്ദം:

ഈ പ്രായത്തിലുള്ളവരുടെ രക്തസമ്മര്‍ദ്ദം നോര്‍മ്മല്‍ ലെവല്‍(120/80) അതില്‍ കുറവ് ഉള്ളതാണെങ്കില്‍ രണ്ട് വര്‍ഷത്തില്‍ ഒരു തവണ വീതം പരിശോധന നടത്തണം.

രക്തസമ്മര്‍ദം അളക്കുമ്പോള്‍ ഉയര്‍ന്ന നില (സിസ്റ്റോളിക്) 120-139 അല്ലെങ്കില്‍ താഴ്ന്ന നില (ഡയസ്റ്റോളിക്) 80-89 അല്ലെങ്കില്‍ അതില്‍ കൂടുതലാണെങ്കില്‍, നിങ്ങള്‍ എല്ലാ വര്‍ഷവും രക്തസമ്മര്‍ദം പരിശോധിക്കണം.

സിസ്റ്റോളിക് നമ്പര്‍ 140ല്‍ കൂടുതലാണെങ്കിലോ ഡയസ്റ്റോളിക് നമ്പര്‍ 90 ല്‍ കൂടുതലാണെങ്കിലോ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള ചികിത്സ തേടേണ്ടതാണ്.

കൊളസ്‌ട്രോള്‍:

ഹൃദ്രോഗ സാധ്യത കണ്ടെത്താനും കുറയ്ക്കാനും ആവശ്യമെങ്കില്‍ ചികിത്സ തേടാനും കൃത്യമായ ഇടവേളകളില്‍ കൊളസ്‌ട്രോള്‍ പരിശോധന നടത്തുന്നത് നല്ലതാണ്.

കൊളസ്‌ട്രോള്‍ അളവിന്റെ അടിസ്ഥാനത്തില്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമായിരിക്കണം മെഡിക്കല്‍ പരിശോധനകള്‍ നടത്തേണ്ട ഇടവേളകള്‍ നിശ്ചയിക്കേണ്ടത്. 35 വയസ്സിന് മുകളില്‍ പ്രായമുള്ള പുരുഷന്മാര്‍ നിര്‍ബന്ധമായും ഇക്കാലയളവില്‍ പരിശോധനകള്‍ നടത്തേണ്ടതാണ്.

പ്രമേഹം:

നിങ്ങളുടെ രക്തസമ്മര്‍ദം 135/80 നു മുകളിലാണെങ്കില്‍ന ഡോക്ടര്‍മാര്‍ പ്രമേഹ പരിശോധന ശുപാര്‍ശ ചെയ്‌തേക്കാം. അമിതഭാരം പോലെ പ്രമേഹവുമായി ബന്ധപ്പെട്ട രോഗസാധ്യതകള്‍ ഉണ്ടെങ്കില്‍ ഡോക്ടറെ സന്ദര്‍ശിച്ച് കൃത്യമായ ഇടവേളകളില്‍ പരിശോധനകള്‍ നിശ്ചയിക്കേണ്ടതാണ്.

കൊളെനോസ്കോപി:

വന്‍കുടലിലും മലാശയത്തിലുമുണ്ടാവുന്ന അര്‍ബുദമാണ് കൊളോറെക്ടല്‍ ക്യാന്‍സര്‍. 50 വയസ്സിന് മുകളില്‍ പ്രായമുള്ള പുരുഷന്മാരും സ്തീകളും ഇതിനുള്ള പരിശോധനകള്‍ നടത്തുന്നത് നേരത്തെയുള്ള രോഗനിര്‍ണയത്തെ സഹായിക്കും.

പ്രോസ്റ്റേറ്റ് പരിശോധന:

50 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ് പ്രോസ്റ്റേറ്റ് ക്യാന്‍സറിനുള്ള സാധ്യത തിരിച്ചറിയാനായി ഈ പരിശോധന നടത്തേണ്ടത്. പുരുഷന്മാരില്‍ മാത്രം കണ്ടുവരുന്ന ഈ ക്യാന്‍സറിന്റെ സാധ്യത പ്രായം കൂടുംതോറും വര്‍ധിച്ചു വരുന്നു. 40 വയസ്സിനു താഴെയുള്ളവര്‍ക്ക് ഈ ക്യാന്‍സര്‍ സാധ്യത വളരെ കുറവാണ്. പുരുഷന്റെ പ്രത്യുത്പാദന വ്യൂഹത്തിലെ പ്രധാന അവയാവമായ പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന ഈ ക്യാന്‍സര്‍ നേരത്തെ തിരിച്ചറിയാന്‍ സാധിച്ചാല്‍ പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാം.

65 വയസ്സിന് മുകളില്‍ പ്രായമുള്ള പുരുഷന്മാര്‍ നടത്തേണ്ട മെഡിക്കല്‍ പരിശോധനകള്‍

വാര്‍ധക്യ കാലഘട്ടത്തിലേക്ക് പ്രവേശിക്കുന്ന പുരുഷന്മാര്‍ നിര്‍ബന്ധമായും രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവയ്ക്ക് പുറമേ അമിതവണ്ണം തിരിച്ചറിയുന്നതിനുള്ല ബിഎംഐ പരിശോധന, അബ്‌ഡൊമിനല്‍ അയോട്ടിക് അന്യൂറിസം, ഓര്‍മ്മപരിശോധന, ഫിസിയോതെറാപ്പികളിലൂടെ ശരീരിക ക്ഷമതാ പരിശോധന തുടങ്ങിയവയും നടത്തേണ്ടതാണ്. ഈ പ്രായപരിധിയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് പ്രോസ്റ്റേറ്റുമായി ബന്ധപ്പെട്ടതും ലൈംഗികജന്യരോഗങ്ങള്‍ക്കുമുള്ള അപകടസാധ്യത കൂടുതലാണ്. കൃത്യമായ പരിശോധനകള്‍ നടത്തുന്നതിലൂടെ ഇവ കണ്ടെത്താനും ആവശ്യമെങ്കില്‍ വിദഗ്ധ ചികിത്സ തേടാനും സാധിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*