അടുത്തിടെ മരിച്ച 147 വയസ്സ് പ്രായമുള്ള ശൈഖ് അലി അല്‍കമിയുടെ ജീവിതം ഇങ്ങനെയായിരുന്നു

റിയാദ്: സഊദിയിലെ ഏറ്റവും പ്രായമുള്ള പൗരന്‍ കഴിഞ്ഞയാഴ്ചയാണ് മരണപ്പെട്ടത്. ഇന്നത്തെ കാലത്ത് ജീവിതം മുഴുക്കെ സംസ്‌കരിച്ച ഭക്ഷ്യ വസ്തുക്കളും ഫാസ്റ്റ് ഫുഡുകളുമായി ജീവിക്കുന്ന യുവ തലമുറക്ക് പാഠമാണ് ശൈഖ് അലി അല്‍കമി എന്ന 147 കാരന്റെ ജീവിതം.

സ്വന്തമായിഅദ്ധ്വാനിച്ചുണ്ടാക്കിയതല്ലാതെ മാര്‍ക്കറ്റില്‍ നിന്നും കിട്ടുന്ന ഒന്നും തന്നെ കഴിക്കാതെ സാധാരണ ഗ്രാമീണ ജീവിതം നയിച്ച് പോരുകയായിരുന്നു അദ്ദേഹം. സഊദിയില്‍ പച്ചപ്പ് പുതച്ച് കിടക്കുന്ന അബഹയിലായിരുന്നു അല്‍കമിയുടെ ലോകം.

മാത്രമല്ല, ജീവിതത്തില്‍ ഇത് വരെ വാഹനവും ഉപയോഗിച്ചിരുന്നില്ല ഇദ്ദേഹമെന്നു ഗ്രാമ വാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. പലപ്പോഴായി മക്കയിലെത്തി വിശുദ്ധ ഹജ്ജും ഉംറയും നിര്‍വ്വഹിച്ചതടക്കം ജീവിതകാലം മുഴുവന്‍ കാല്‍നടയായിരുന്നു ഏക ആശ്രയമെന്നു ബന്ധുവായ യഹ്‌യ അല്‍ അല്‍കമി പറഞ്ഞു. സ്വന്തം കൃഷിയിടത്തിലുണ്ടാക്കിയ സാധനങ്ങള്‍ മാത്രമായിരുന്നു കഴിച്ചിരുന്നത്.

ഇവിടെയുണ്ടാക്കിയിരുന്നജൈവ ധാന്യങ്ങള്‍, ഗോതമ്പ്, ചോളം, ബാര്‍ലി, തേന്‍ ഇവയായിരുന്നു ആഹാരമെന്നു യഹ്‌യ പറഞ്ഞു. കൂടാതെ, മത്സ്യം, ആട് , മാടുകളില്‍ തന്റെ കൃഷിയിടത്തില്‍ വളര്‍ത്തിയിരുന്നവ മാത്രമായിരുന്നു ഇദ്ദേഹത്തിനെ ഇഷ്ട ഭക്ഷ്യം. സല്‍ക്കാരങ്ങളിലും മറ്റും ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍, മറ്റു സംസ്‌കരിച്ച ഭക്ഷണ സാധനങ്ങള്‍ എന്നിവ ഇദ്ദേഹം ഒരടി അകലേക്ക് മാറ്റി വെക്കുമായിരുന്നു.

ഇദ്ദേഹത്തിന്റെ ഗ്രാമം ഉള്‍പ്പെടുന്ന അസീര്‍ പ്രവിശ്യ സഊദിയുടെ ഭാഗമായി സഊദി ഭരണാധികാരി അബ്ദുല്‍ അസീസ് ബിന്‍ സഊദ് പ്രഖ്യാപിക്കുന്ന അവസരത്തില്‍ ഇദ്ദേഹത്തിന് 38 വയസ്സായിരുന്നു. ഖുര്‍ആന്‍ പാരായണവും ഇദ്ദേഹത്തിന്റെ ഇഷ്ട ശീലമായിരുന്നു. ‘മുന്‍കഴിഞ്ഞ കാലം വളരെ സന്തോഷകാലമായിരുന്നുവെന്നും, എന്നാല്‍ ഇക്കാലത്ത് കാര്യങ്ങളും ജനങ്ങളും ആകെ മാറിയിരിക്കുന്നുവെന്നും തന്റെ കാലക്കാരില്‍ ഒരാള്‍ പോലും ഇല്ലാത്തത് ജീവിതം ഒറ്റപ്പെടുന്നുവെന്ന തോന്നല്‍ ഉണ്ടാക്കിയെന്നും’ ഇദ്ദേഹം മരണപ്പെടുന്നതിന്റെ മുന്‍പ് പറഞ്ഞതായി ഏക മകന്‍ പറഞ്ഞു. മസ്തിഷ്‌കാഘാതം മൂലമായിരുന്നു മരണം.

Be the first to comment

Leave a Reply

Your email address will not be published.


*