പൊലീസിന്‍റെ പ്രവൃത്തികള്‍ ക്യാമറയില്‍ പകര്‍ത്താന്‍ പൊതുജനത്തിന് അവകാശമുണ്ടോ ? ഇതാണ് ഉത്തരം

ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളോ സംഘടനകളോ, പ്രതിഷേധ പ്രകടനങ്ങളോ മാര്‍ച്ചോ ധര്‍ണയോ ഒക്കെ നടത്തുമ്പോള്‍ ഇതിന്‍റെ ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തുന്ന പൊലീസുകാരെ കണ്ടിട്ടുണ്ടാകും. പൊലീസിന്‍റെ തുടര്‍ന്നുള്ള നടപടികള്‍ക്ക് വേണ്ടിയാണിത്. എന്നാല്‍ ഇപ്പോള്‍ നവമാധ്യമങ്ങള്‍ കരുത്താര്‍ജ്ജിച്ചതോടെ പൊലീസുകാരുടെ കൊള്ളരുതായ്മകള്‍ പൊതുജനങ്ങളും കാമറയില്‍ പകര്‍ത്താന്‍ തുടങ്ങി.

മിക്കവാറും ഫേസ്‍ബുക്ക് ലൈവിലൂടെയാണ് പൊതുജനം പൊലീസിന്‍റെ അനീതിക്കെതിരെ തത്സമയ സംപ്രേഷണം നടത്താറുള്ളത്. അത് പൊലീസിന്‍റെ സദാചാര നിയന്ത്രണങ്ങളും ചോദ്യം ചെയ്യലും വാഹന പരിശോധനയുമൊക്കെ ഇത്തരത്തില്‍ ഫേസ്‍ബുക്ക് ലൈവ് ആകാറുണ്ട്. എന്നാല്‍ മിക്കപ്പോഴും ഇത്തരത്തില്‍ വീഡിയോയോ ഓഡിയോയോ ജനങ്ങള്‍ പകര്‍ത്തുമ്പോള്‍ പൊലീസ് എതിര്‍ക്കാറുണ്ട്. പലപ്പോഴും ഫോണ്‍ പിടിച്ചെടുക്കാറുമുണ്ട്.

പൊലീസിന്‍റെ പ്രവൃത്തി നിയമപ്രകാരം കാമറയില്‍ പകര്‍ത്താനുള്ള അവകാശം പൊതുജനങ്ങള്‍ക്കുണ്ടോ എന്ന സംശയം പലര്‍ക്കമുണ്ടാകും. പൊലീസ് ആക്ട് 33 പ്രകാരം പൊലീസിനും പൊതുജനങ്ങള്‍ക്കും ഓഡിയോ, വീഡിയോ, അല്ലെങ്കില്‍ ഇലക്‌ട്രോണിക് റിക്കാര്‍ഡുകള്‍ സൂക്ഷിച്ചു വയ്ക്കാവുന്നതാണെന്ന് വ്യക്തമാക്കുന്നുണ്ട്.
പൊലീസിന് അവരുടെ ചുമതലകള്‍ നിര്‍വഹിക്കുന്നതിനിടെ ചെയ്ത ഏതൊരു പ്രവൃത്തിയുടെയും ഓഡിയോ, വീഡിയോ അല്ലെങ്കില്‍ ഇലക്‌ട്രോണിക് റിക്കാര്‍ഡുകള്‍ തയാറാക്കി സൂക്ഷിക്കാവുന്നതും അങ്ങനെയുള്ള റിക്കാര്‍ഡുകള്‍ പൊലീസ് നടപടിയുടെ സത്യാവസ്ഥ ചോദ്യം ചെയ്യപ്പെടുന്ന ഏതൊരു നടപടിക്രമങ്ങളിലും ഉപയോഗപ്പെടുത്താവുന്നതുമാണ്. – എന്ന് പറയുന്നുണ്ട്. ഇതേസമയം, ഇതിന്‍റെ ഉപവകുപ്പില്‍ പൊതുജനങ്ങളുടെ അവകാശത്തേക്കുറിച്ചാണ് പറയുന്നത്.
ഏതെങ്കിലും പൊതുസ്ഥലത്തോ സ്വകാര്യസ്ഥലത്തോ നടക്കുന്ന പൊലീസ് നടപടിയുടേയോ പ്രവര്‍ത്തനത്തിന്‍റേയോ ഓഡിയോ, വീഡിയോ, ഇലക്ട്രോണിക് റിക്കാര്‍ഡുകള്‍ പൊതുജനങ്ങളില്‍ ആരെങ്കിലും നിയമവിധേയമായി എടുക്കുന്നതിനെ ഒരു പൊലീസ് ഉദ്യോഗസ്ഥനും തടയാന്‍ പാടില്ലെന്ന് വ്യക്തമാക്കുന്നു. ഇതൊക്കെയാണെങ്കിലും ഏതു നിയമത്തിലും പഴുതുകളുണ്ട് എന്നതാണ് യാഥാര്‍ഥ്യം.

Be the first to comment

Leave a Reply

Your email address will not be published.


*