ദുബായ് വിമാനത്താവളത്തിൽ കുഞ്ഞിനെ മറന്നു കുടുംബം അൽ ഐനിലെത്തി ; സംരക്ഷണവുമായി ജീവനക്കാർ

ദുബായ്∙ വിമാനത്താവളത്തിൽ കുഞ്ഞിനെ മറന്നു കുടുംബം അൽ ഐനിലെ വീട്ടിലേക്ക് പോയി. ഇവര്‍ തിരിച്ചെത്തും വരെ മൂന്നു വയസ്സുള്ള പെണ്‍കുട്ടി വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാരുടെ സംരക്ഷണത്തില്‍ ആയിരുന്നു. ദുബായ് വിമാനത്താവളത്തിൽ വിമാനമിറങ്ങിയ പാകിസ്താനി കുടുംബമാണ് കൂടെ കുഞ്ഞില്ലെന്ന് തിരിച്ചറിഞ്ഞ് വീണ്ടും വിമാനത്താവളത്തിലേക്ക് തിരിക്കേണ്ടി വന്നത്. രണ്ടു വാഹനങ്ങളിലായാണ് അൽഐനിലെ താമസ സ്ഥലത്തേക്ക് ഇവര്‍ പോയത്.

രണ്ടു വാഹനത്തിലുള്ളവരില്‍ ആരങ്കിലും കുട്ടിയെ എടുത്തിട്ടുണ്ടാകുമെന്ന നിഗമനത്തിലായിരുന്നു യാത്ര. വിമാനത്താവള ഓഫിസിൽ നിന്നും ഫോൺ വിളി എത്തിയപ്പോഴാണ് കുട്ടി ആരുടേയും കൂടെയില്ലെന്ന കാര്യം കുടുംബം അറിയുന്നത്. അൽ ഐനിലെ താമസ സ്ഥലത്തിനു സമീപം എത്തിയപ്പോഴാണ് വിമാനത്താവള ഉദ്യോഗസ്ഥന്റെ ഫോൺ ലഭിച്ചത്. അതുവരെ കുടുംബം കുഞ്ഞിനെ അന്വേഷിച്ചിട്ടില്ലെന്നു ദുബായ് പൊലീസ് എയർപ്പോർട്ട് അഡ്മിനിസ്ട്രിസ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ അലി അതീഖ് ബിൻലാഹജ് പറഞ്ഞു.

ടെർമിനൽ രണ്ടിൽ വിമാനമിറങ്ങിയ കുടുംബാംഗങ്ങൾ യാത്രനടപടികൾ അതിവേഗം പൂർത്തിയാക്കി പുറത്തിറങ്ങുകയായിരുന്നു. വിമാനത്താവളത്തിലെ നിരീക്ഷണ ക്യാമറ വഴിയാണ് ‘അനാഥ’യായ കുട്ടിയെ കണ്ടെത്തിയത്. തുടർന്നു വിമാനത്താവള ഉദ്യോഗസ്ഥർ യാത്രക്കാരുടെ ടെലഫോൺ നമ്പർ കണ്ടെത്തി രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. കുടുംബം കുഞ്ഞിനെ സ്വീകരിക്കാൻ തിരിച്ചു വിമാനത്താവളത്തിൽ എത്തിയപ്പോഴേക്കും മൂന്നുമണിക്കൂർ കഴിഞ്ഞു. അതുവരെ കുട്ടി എയർപോർട്ട് ഉദ്യോഗസ്ഥരുടെ പരിചരണത്തിലായിരുന്നു.

വിലപ്പെട്ട വസ്തുക്കളും കുഞ്ഞുങ്ങളുമെല്ലാം വിമാനത്താവളത്തിൽ മറന്നുവച്ചു പോകുന്ന പോകുന്ന സംഭവങ്ങൾ പലപ്പോഴും ആവർത്തിക്കാറുണ്ടെന്നു ബ്രിഗേഡിയർ ബിൻലാഹജ് സൂചിപ്പിച്ചു. മുൻപ് ഇറാഖി കുടുംബവും ഇതുപോല ചെയ്തു. അവര്‍ വിമാനം കയറി വിദേശത്തേക്ക് പോകുന്നതിനു തൊട്ടു മുന്‍പാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കുഞ്ഞിനെ ദമ്പതികള്‍ക്ക് കൈമാറിയത്. ധൃതി, യാത്രാസമ്മർദ്ദം, അശ്രദ്ധ എന്നിവ മൂലമാണ് യാത്രക്കാർക്ക് ഇതു സംഭവിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ എല്ലാം മാനുഷികമായ പ്രശ്നങ്ങൾ എന്ന നിലയ്ക്ക് മാത്രമാണ് കാണാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*