15 പേര്‍ക്കു സഞ്ചരിക്കാവുന്ന ലോഞ്ചില്‍ 60 പേരടങ്ങിയ സംഘത്തോടൊപ്പം ദുബായ്‌യിലേക്ക്, മരണത്തെ മുഖാമുഖം കണ്ട കടല്‍ യാത്ര; പതിനാലാം വയസില്‍ തുടങ്ങിയ പ്രവാസ ജീവിതത്തിന്റെ അനുഭവങ്ങള്‍ പങ്കുവെച്ച് ആദ്യകാല പ്രവാസി കല്ലയില്‍ ഇബ്രാഹിം ഹാജി

തൃശൂര്‍:15 പേര്‍ക്കു സഞ്ചരിക്കാവുന്ന ലോഞ്ചില്‍ 60 പേരടങ്ങിയ സംഘത്തോടൊപ്പം ദുബായ് ഗോര്‍ഫുഖാന്‍ തീരത്തേക്ക് ഒരു യാത്ര. മരണം മുഖാമുഖം കണ്ട ആ കടല്‍ യാത്രയില്‍ അനുഭവിച്ച ദുരിതങ്ങള്‍ കുറച്ചൊന്നുമല്ല. ഭക്ഷണവും വെള്ളവും ഇല്ലാതെ കുറേ രാത്രികള്‍. ജീവന്‍ പണയം വെച്ചുള്ള ആ യാത്രയാണ് ഇന്ന് കല്ലയില്‍ ഇബ്രാഹിം ഹാജിയുടെ വിജയക്കുതിപ്പിന് പ്രചോദനമേകിയത്. പതിനാലാം വയസില്‍ തുടങ്ങിയ പ്രവാസ ജീവിതത്തിന്റെ അനുഭവങ്ങള്‍ പങ്കുവെച്ച് ആദ്യകാല പ്രവാസി കല്ലയില്‍ ഇബ്രാഹിം ഹാജി.
അറുപത്തിനാല് വര്‍ഷത്തെ ഓര്‍മ്മയുടെ താളുകള്‍ മറിക്കുകയാണ് കല്ലയില്‍ ഇബ്രാഹിം ഹാജി. സ്‌ക്കൂളിലെ അടിപിടി കേസിന്റെ പേരില്‍ നാടുവിട്ട ഇദ്ദേഹം മഡ്രാസില്‍ എത്തിപ്പെടുകയായിരുന്നു. ഒരു സുഹൃത്തിന്റെ സഹായത്തോടെ കടയില്‍ സെയില്‍മാന്റെ സഹായിയായി ജോലിയില്‍ പ്രവേശിച്ചെങ്കിലും അവിടെയും ഇബ്രാഹിം ഹാജിക്ക് രക്ഷയില്ലായിരുന്നു. ജോലിക്കിടെ പല തവണ നാട്ടില്‍ വന്നു പോയെങ്കിലും എവിടേയും ഉറച്ച് നില്‍ക്കാനായില്ല. പിന്നീട് ബോംബെയ്ക്ക് വണ്ടി കേറി. അവിടെ നിന്നുമാണ് ഗള്‍ഫിലേക്കുള്ള യാത്ര.
പതിനഞ്ച് പേര്‍ക്ക് മാത്രം സഞ്ചരിക്കാവുന്ന ലോഞ്ചില്‍ 60 പേരടങ്ങിയ സംഘത്തോടൊപ്പം ദുബായ് ഗോര്‍ഫുഖാന്‍ തീരത്തേക്ക് മറണത്തെ മുന്നില്‍ കണ്ട് ഒരു കടല്‍ യാത്ര. ഉള്‍ക്കടലില്‍ 14 ദിവസം നീണ്ട ദുരിത യാത്രയില്‍ ഇറാന്‍ നേവിയുടെ കാരുണ്യത്തില്‍ കുടിവെളളവും ഭക്ഷണവും ലഭിച്ചു. പിന്നീട് കരയ്ക്കടുക്കാത്ത ലോഞ്ചില്‍ നിന്നൂം നീന്തി ഷാര്‍ജ മണ്ണിലേക്ക്. പാസ്‌പോര്‍ട്ടില്ലാത്തതിനാല്‍ പോലീസിന്റെ കണ്ണില്‍പ്പെടാതെയുള്ള യാത്രയില്‍ പിന്നെയും പേടിയുടെ ദിനങ്ങള്‍.
മുഖം തന്നെ തുണച്ചു എന്ന് പറയുന്ന പോലെ, ഇബ്രാഹിം ഹാജിയുടെ മുഖം കണ്ട് മാത്രം സാധനങ്ങള്‍ നല്‍കിയ ഉദ്യോഗസ്ഥനാണ് ഹാജിയുടെ ആദ്യകാല കച്ചവടങ്ങള്‍ക്ക് തുടക്കം കറിച്ചത്. പിന്നീട് വിജയത്തിന്റെ കുതിപ്പായിരുന്നു. ദുരിതങ്ങള്‍ക്കിപ്പുറം ജീവിതത്തില്‍ വിജയങ്ങള്‍ പ്രകാശം പരത്തിയ ദിവസങ്ങൾ…
ഇന്ന് അദ്ദേഹം സൗദി അറേബ്യയിലും നാട്ടിലുമായി കുടുംബത്തോടൊപ്പം സ്വസ്ഥ ജീവിതം നയിക്കുന്നു. പ്രവാസ ജീവിതത്തിന്റെ കയ്പ്പുകളിൽ നിന്ന് വിജയവും ജീവിതവും കണ്ടെടുത്ത കല്ലയില്‍ ഇബ്രാഹിം ഹാജി, പരാജയങ്ങളിൽ തളരുന്നവർക്ക് ഒരു പാഠമാണ്.

Be the first to comment

Leave a Reply

Your email address will not be published.


*