ഷോപ്പിംഗ്‌ മാളിൽ സമ്മാനകൂപ്പൺ പൂരിപ്പിച്ചിടുന്ന പ്രവാസികൾക്ക്‌ അറിയാമോ നിങ്ങൾ വഞ്ചിതരാവുകയാണെന്ന സത്യം!

കുടുമ്പ സമേതം മാളിലോ, ഏതെങ്കിലും സ്റ്റേജ് ഷോയ്ക്കോ ചെല്ലുന്ന മലയാളികൾക്ക് പലപ്പോഴും അവിടെ ചില ലക്കി ഡ്രോ കൂപ്പണുകൾ ലഭിക്കാറുണ്ട്. ചിലവില്ലാത്ത കാര്യമല്ലെ എന്ന് കരുതി പലരും അത് പൂരിപ്പിച്ചിടുകയും ചെയ്യും. പേരും രാജ്യവും ഫോൺ നമ്പറും ഈ മെയിൽ ഐഡിയുമൊക്കെയാകും അതിൽ ഉണ്ടാകുക.

പേരില്ലെങ്കിലും ടെലിഫോൺ നമ്പർ നിർബന്ധമായും എഴുതുവാൻ അവർ പറയും. അതുമല്ലെങ്കിൽ അവർ തന്നെ എഴുതി നൽകുകയും ചെയ്യും. നിങ്ങൾ അത് അവിടെ വച്ചിട്ടുള്ള ബോക്സിൽ ഇട്ടാൽ മതി. പലരും തിരക്കുകൾകിടയിൽ അതിനെ പറ്റി മറക്കും. എന്നാൽ നിങ്ങളുടെ ഡീറ്റെയിൽസ് എടുത്തവർ അത് മറക്കില്ല. ഫാമിലിയായിട്ടാണ് നിങ്ങൾ ആ കൂപ്പൺ ഇട്ടതെങ്കിൽ തീർച്ചയായും അവർ നിങ്ങളെ ബന്ധപ്പെടും.
ഉച്ചക്ക് ഓഫീസിലെ തിരക്കുകൾ ഒന്നൊഴിഞ്ഞ് അല്പം ആലസ്യത്തിൽ ഇരിക്കുമ്പോൾ ആയിരിക്കും നിങ്ങൾക്ക് ആ കോൾ വരിക. വടിവൊത്ത ഇന്ത്യൻ ഇംഗ്ലീഷിൽ വിശേഷങ്ങൾ തിരക്കിക്കൊണ്ട് യുവതി സംഭാഷണം ആരംഭിക്കുന്നു. മിക്കവാറും ജോലിയുടെ പ്രഷർ റിലാസ്കേഷനില്ലാത്തതിന്റെ കുഴപ്പങ്ങൾ തുടങ്ങി കുടുമ്പവിശേഷങ്ങളൊക്കെ തിരക്കിയെന്നും ഇരിക്കും. ടെൻഷനും തിരക്കുമൊക്കെ മാറ്റി വച്ച് രണ്ടോ മൂന്നോ ദിവസം ഉള്ള ഒരു ടൂറിനെ പറ്റിയാകും തുടർന്നുള്ള വാക്കുകൾ. കുടുമ്പ ചിലവുകളും ഫ്ലാറ്റ് വാടകയും കുട്ടികളുടെ പഠിപ്പിന്റെ ചിലവും നാട്ടിലെ വീടിനോ ഫ്ലാറ്റിനോ എടുത്ത ഇ.എം.ഐയും ക്രേഡിറ്റ്കാർഡിന്റെ തിരിച്ചടവും ഒക്കെ കാരണം ഇടത്തരക്കാരായ മലയാളിയ്ക്ക് ഒരു ടൂറിനെ പറ്റി ചിന്തിക്കുവാൻ ഉള്ള അവസ്ഥയൊന്നും ഉണ്ടാകുകയില്ല.

സാറു ചിലവിനെ പറ്റി ചിന്തിച്ച് തലപുണ്ണാക്കണ്ട ഞങ്ങളുടെ കമ്പനി സൗജ്യമായി യാത്രയും താമസവും അതും കുടുമ്പ സമേതം സൗജന്യമയി നൽകുന്നുണ്ട്. ഏതൊരു സാധാരണ മലയാളിയേയും വീഴ്ത്തുവാൻ പോന്ന വാഗ്ദാനം. താല്പര്യം ഉണ്ടെങ്കിലും യുവതി നിങ്ങളോട് സംസാരം തുടരും. അവരുടെ ടൂറിന്റെ ലിസ്റ്റിൽ ചിലപ്പോൾ യൂറോപ്പ് മുതൽ ലെബനോണും, ഈജിപ്തും, തായ്ലന്റും, ഇന്ത്യയും, ശ്രീലങ്കയും ഒക്കെ കണ്ടേക്കാം. ഫൈഫ് സ്റ്റാർ സൗകര്യങ്ങൾ സൈറ്റ് സീയിംഗ് വിവിധ ഗെയിമുകൾ അങ്ങിനെ വാഗ്ദാനങ്ങളുടെ പെരുമഴയാകും നിങ്ങൾക്ക് ലഭിക്കുക. ചിലപ്പോൾ ടൂറിനു പുറമെ തങ്ങളുടെ ഹെൽത്ത് ക്ലബ്ബിൽ അംഗത്വം പോലുള്ള വാഗ്ദാനങ്ങളും നൽകിയേക്കാം.
സാർ ഞങ്ങളുടെ കമ്പനിയുടെ പ്രമോഷനാണ് അതിനാണ ഈ ഫ്രീ ട്രിപ്പ് അറേഞ്ച് ചെയ്യുന്നത്. അതിനായി നിങ്ങൾ ഇത്രയേ ചെയ്യേണ്ടതുള്ളൂ. ഫാമിലിയുമായി ഞങ്ങളുടെ ഓഫീസിൽ വരിക. ചില ഫോർമാലിറ്റികൾളുണ്ട് അത് പൂർത്തിയാക്കണം. വിസ ടിക്കറ്റ് തുടങ്ങി ബാക്കിയെല്ലാം കമ്പനിയാണ് ചെയ്യുക.
ഉറപ്പാണല്ലോ ഫ്രീ അല്ലെ മറ്റേ കമ്പനിക്കാരെ പോലെ പറ്റിക്കില്ലല്ലോ എന്ന് ചോദിച്ചാൽ നിങ്ങൾ ഞങ്ങളുടെ വെബ്സൈറ്റ് നോക്കൂ സാർ. നിങ്ങളെ പറ്റിച്ചാൽ അത് ഞങ്ങളുടെ കമ്പനിയുടെ ക്രെഡിബിലിറ്റിയെ ബാധിക്കില്ലെ എന്നെല്ലാം പറഞ്ഞ് വീണ്ടും വളരെ തന്മയത്വത്തോടെ അവർ സംസാരിച്ചുകൊണ്ടേ ഇരിക്കും.

അത് വിശ്വസിച്ച് നിങ്ങൾ അന്നു വൈകുന്നേരം ഓഫീ വിട്ട് ചെന്ന് ഭാര്യയോടും കുട്ടികളോടും ട്രിപ്പിനെ പറ്റി പറയുകയും അവർക്ക് പ്രതീക്ഷ പകരുകയും ചെയ്യും. തുടർന്ന് എത്രയും പെട്ടെന്ന് ഭാര്യയേയും കുട്ടികളേയും കൊണ്ട് സൗജന്യ ടൂറും താമസവും വാഗ്ദാനം ചെയ്ത കമ്പനിയുടെ ഓഫീസിൽ എത്തും. വളരെ ഹൃദ്യമായ സ്വീകരണമായിരിക്കും നൽകുക. നിങ്ങളുടെ ഡീറ്റെയിൽസ് ഒക്കെ അവർ ചോദിക്കുകയും ചിലപ്പോൾ എഴുതിയെടുക്കുക/കമ്പ്യൂട്ടറിൽ എൻട്രിചെയ്യുകയും ചെയ്യും.

പിന്നീടാണ് മാർക്കറ്റിംഗിന്റെ അടുത്ത ഡിവിഷനിലേക്ക് അയക്കുക. അവിടെ അവർ തങ്ങളുടെ സ്ഥാപനത്തെ പറ്റിയും മറ്റും വിശദമായി നിങ്ങൾക്ക് ക്ലാസെടുക്കുന്നു. വിവരണം ഘട്ടം ഘട്ടമായിമുന്നേറുന്നതിനിടയിലാണ് ആ സത്യം തുറന്നുപറയുക. കമ്പനിയുടെ നിബന്ധനകൾ മാറിയെന്നോ അല്ലെങ്കിൽ പുതിയ സ്ക്രീം എന്നോ മറ്റെന്തെങ്കിലും എക്സ്യൂസുകൾ നിരത്തി ട്രിപ്പിനും താമസത്തിനും പണം ആവശ്യമാണ് എന്നവർ വ്യക്തമാക്കുക.
തങ്ങൾ വഞ്ചിതരായി എന്ന് മനസ്സിലാക്കുന്നതോടെ നിങ്ങളുടെ റെപ്രസന്റെറ്റീവ് ഫോണിൽ പറഞ്ഞത് ഇതൊന്നും അല്ലല്ലൊ എന്ന് തിരിച്ചു പറഞ്ഞിട്ടും കാര്യമൊന്നുമില്ല. ഒരു പക്ഷെ നിങ്ങളോട് സംസാരിക്കുമ്പോൾ പറഞ്ഞ പേരുള്ള ഒരു സ്റ്റാഫ് അവിടെ ഉണ്ടാകണമെന്നേ ഇല്ല. അല്ലെങ്കിൽ അവർക്ക് തെറ്റുപറ്റിയതാകാം എന്നോ മറ്റോ പറഞ്ഞു കാണും. ചിലർ ഒരു പടികൂടെ കടന്ന് സാറിന്റെ അടുത്ത് അവർ ഇതൊക്കെ പറയുവാൻ വഴിയുണ്ടല്ലോ എന്നും പറഞ്ഞേക്കാം. ഇതവരുടെ മാർക്കറ്റിംഗിന്റെ സ്ഥിരം തന്ത്രമാണ്. പ്രവാസികളായ കുടുമ്പങ്ങളെ നേരിട്ട് ചെന്ന് കണ്ട് സംസാരിക്കുന്നതിലും സൗകര്യം തങ്ങളുടെ ഓഫീസിൽ കൊണ്ടു വന്ന് ബിസിനസ്സ് പിടിക്കുക. ഇത്തരം പറ്റിക്കലുകൾ വർഷങ്ങളായി സ്ഥിരമായി നടത്തുന്ന “കണ്ട്രി ഫെല്ലോസ് “ ഇപ്പോഴും യാതൊരു പ്രശ്നവുമില്ലതെ വിലസുന്നുണ്ട്. പുതിയ ഒരു ടീം കൂടെ ഇത്തരം പരിപാടിയുമായി രംഗത്തെത്തിയിരിക്കുന്നു എന്നാണ് ആറിയുന്നത്.

വഞ്ചിക്കപ്പെട്ട കാര്യം പലരും തുറന്നു പറയാറില്ല. ഇതാണ് ഇത്തരക്കാർക്ക് വളമായി മാറുന്നത്. മാളുകളിലും മറ്റും സാധനങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്നതല്ലാതെ പ്രത്യേകം കൗണ്ടുറുകളിൽ സൗജന്യമയി കൂപ്പണുകൾ വിതരണം ചെയ്യുമ്പോൾളത് ആവേശത്തോടെ വാങ്ങി പൂരിപ്പിച്ചിടുന്നവർ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്.
മമ്മൂട്ടി-ഫഹദ് ഫാസിൽ എന്നിവർ അഭിനയിച്ച് ലാൽ ജോസ് സംവിധാനം ചെയ്ത ഇമ്മാനുവേൽ എന്ന ചിത്രത്തിൽ ഇത്തരം തട്ടിപ്പിനെ പറ്റി വളവരെ വ്യക്തമായി തന്നെ കാണിക്കുന്നുണ്ട്. ഇൻഷൂറൻസ് കമ്പനി ആളുകളെ പറ്റിക്കുന്നതായാണ് ചിത്രത്തിൽ പറയുന്നതെങ്കിലും അതേ രീതി തന്നെയാണ് “കണ്ട്രി ഫെല്ലോസ് “ ചെയ്യുന്നതും. അല്ലെങ്കിൽ അവരിൽ ഇന്നാകാം ചിത്രത്തിലേക്ക് ആ സംഭവം എടുത്തിരിക്കുന്നത്.
ഇത്തരം തട്ടിപ്പു കോളുകൾ വരുമ്പോൾ സമയം മിനക്കെടുത്താതെയും കുടുമ്പത്തിനു വെറുതെ ആശ നൽകാതെയും അവഗണിക്കുവാൻ ശ്രമിക്കുന്നതാകും നല്ലത്. ലോട്ടയടിച്ചതായി കാണിച്ച് ലഭിക്കുന്ന ഇ.മെയിലുകളും ഫോൺ കോളൂകളൂം പോലെ ഇത്തരം തട്ടിപ്പുകളിലും ചെന്ന് വഞ്ചിതരാകാതിരിക്കുവാനുള്ള സാമാന്യ ബുദ്ധി പ്രകടിപ്പിക്കുക.

Be the first to comment

Leave a Reply

Your email address will not be published.


*