ഇന്ത്യ-യുഎഇ ഇടപാടുകൾ ഇനി രൂപയിലും ദിർഹത്തിലും നേരിട്ട് :ഇന്ത്യയും യുഎഇയും തമ്മിൽ ധാരണ

ദുബായ് ∙ ഡോളർ ഉൾപ്പെടെയുള്ള വിദേശ കറൻസികളെ ആശ്രയിക്കാതെ രൂപയിലും ദിർഹത്തിലും വ്യാപാര ഇടപാടു നടത്താൻ ഇന്ത്യയും യുഎഇയും തമ്മിൽ ധാരണ. ഉഭയകക്ഷി വ്യാപാരത്തിനു കുതിപ്പേകുകയും ഇടപാടുകൾ ലളിതമാക്കുകയും ചെയ്യുന്ന സുപ്രധാന തീരുമാനമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനവേളയിൽ ഒപ്പുവച്ച കരാറുകളുടെയും ധാരണാപത്രങ്ങളുടെയും അനുബന്ധമായാണിതെന്നു യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി നവ്ദീപ്സിങ് സൂരി പറഞ്ഞു.

കറൻസി കൈമാറ്റത്തിന് കേന്ദ്ര ബാങ്കുകൾ തമ്മിലാണു ധാരണ. ഇതു പ്രകാരം ഇരുരാജ്യങ്ങളിലെയും ബിസിനസുകാർക്കു പരസ്പരമുള്ള ഇടപാടുകൾ ഡോളറിനെ ആശ്രയിക്കാതെ രൂപയിലും ദിർഹത്തിലും നടത്താം. ഇടപാടുകൾ കൂടുതൽ ലാഭകരമാകാനും ഇതു സഹായകമാകും.

പ്രതിവർഷം 5300 കോടി ഡോളറിന്റെ (ഏകദേശം 3.4 ലക്ഷം കോടി രൂപ) വ്യാപാരമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ളത്. നടപടിക്രമങ്ങളെല്ലാം പൂർത്തിയായെന്നും ഉടൻ പ്രാബല്യത്തിലാകുമെന്നും സ്ഥാനപതി വ്യക്തമാക്കി. കള്ളപ്പണ ഇടപാടുകൾ തടയാൻ ഇരുരാജ്യങ്ങളിലെയും സാമ്പത്തിക രഹസ്യാന്വേഷണ ഏജൻസികൾ സഹകരിച്ചു പ്രവർത്തിക്കാനുള്ള കരാറിനും അന്തിമരൂപമായിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*