സമ്മാനം അടിച്ചതായി അറിയിച്ച് ഫോൺ തട്ടിപ്പ്: 12 അംഗസംഘം അറസ്റ്റിൽ

ദമാം- നിരവധി സൗദി പൗരന്മാരെയും വിദേശികളെയും കബളിപ്പിച്ച ഏഷ്യൻ വംശജരായ 12 അംഗ ഫോൺ തട്ടിപ്പ് സംഘത്തെ അറസ്റ്റ് ചെയ്തതായി കിഴക്കൻ പ്രവിശ്യ പോലീസ് വക്താവ് കേണൽ സിയാദ് അൽറഖീത്തി അറിയിച്ചു. മൊബൈൽ ഫോണുകളിൽ ബന്ധപ്പെട്ട് വൻതുക സമ്മാനം അടിച്ചതായി അറിയിച്ചാണ് സംഘം തട്ടിപ്പുകൾ നടത്തിയിരുന്നത്.

സമ്മാനം കൈമാറുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനെന്ന വ്യാജേന പണം കൈമാറുന്നതിന് ആവശ്യപ്പെട്ടാണ് സംഘം തട്ടിപ്പുകൾ നടത്തിയിരുന്നത്. പല രൂപത്തിലാണ് ഉപയോക്താക്കളിൽനിന്ന് സംഘം പണം കൈക്കലാക്കിയിരുന്നത്.

എ.ടി.എം കാർഡുകളുമായും ബാങ്ക് അക്കൗണ്ടുകളുമായും ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ കൈക്കലാക്കി അക്കൗണ്ടുകളിൽനിന്ന് പണം പിൻവലിച്ചിരുന്ന സംഘം മറ്റു ചിലരോട് തങ്ങളുടെ അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്യുന്നതിനും ആവശ്യപ്പെട്ടിരുന്നു. അക്കൗണ്ടുകളിൽ പണമില്ലാത്തവരോടും അക്കൗണ്ട് വിവരങ്ങൾ കൈമാറുന്നതിന് സന്നദ്ധരാകാത്തവരോടും വൻതുകയുടെ മൊബൈൽ ഫോൺ റീചാർജ് കൂപ്പണുകൾ വഴി പണം കൈമാറുന്നതിനാണ് സംഘം ആവശ്യപ്പെട്ടിരുന്നത്.

സംഘത്തിന്റെ തട്ടിപ്പിനിരയായി പണം നഷ്ടപ്പെട്ടവർ അടുത്തിടെ പോലീസിൽ പരാതികൾ നൽകിയിരുന്നു. തട്ടിപ്പിനിരയായവർ സാമൂഹികമാധ്യമങ്ങളിലൂടെയും ഇക്കാര്യം പരസ്യപ്പെടുത്തിയിരുന്നു. തുടർന്ന് ദമാം പോലീസ് ഊർജിതമായ അന്വേഷണം നടത്തിയാണ് പ്രതികളെ തിരിച്ചറിയുകയും താമസസ്ഥലം കണ്ടെത്തുകയും ചെയ്തത്. പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് വക്താവ് അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*