വിദേശ തൊഴിലാളി ചതിച്ചു; കഫീൽ 6 വർഷം ജയിലിൽ..ഒടുവിൽ രാജാവിന്റെ കാരുണ്യത്തിൽ മോചനം

റിയാദ് – തന്റെ സ്‌പോൺസർഷിപ്പിനു കീഴിൽ ജോലി ചെയ്തുവന്ന വിദേശിക്ക് ജാമ്യംനിന്ന് ജയിലിലായ സൗദി പൗരന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ കാരുണ്യം. ആറു വർഷമായി മലസ് ജയിലിൽ തടവിലായിരുന്ന സൗദി പൗരൻ ആദിലിന്റെ മോചനത്തിന് ആവശ്യമായ ഒമ്പതു ലക്ഷം റിയാൽ കൈമാറാൻ രാജാവ് ഉത്തരവിട്ടു. സൗദി പൗരനു കീഴിലെ വിദേശിയുണ്ടാക്കിയ വാഹനാപകടത്തിൽ മൂന്നു പേർ മരിച്ചിരുന്നു. അപകടത്തെ തുടർന്ന് കസ്റ്റഡിയിലെടുത്ത വിദേശിയെ വിട്ടയക്കുന്നതിന് ജാമ്യം നിൽക്കുന്നതിന് സ്‌പോൺസറായ സൗദി പൗരനോട് ട്രാഫിക് പോലീസ് നിർദേശിക്കുകയായിരുന്നു. ഇതനുസരിച്ച് സൗദി പൗരന്റെ ജാമ്യത്തിൽ വിദേശിയെ ലോക്കപ്പിൽ നിന്ന് വിട്ടയച്ചു. വൈകാതെ വിദേശി അനധികൃത രീതിയിൽ രാജ്യം വിട്ടു.

വാഹനാപകടത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് ഒമ്പതു ലക്ഷം റിയാൽ ദിയാധനം നൽകണമെന്ന് കോടതി പിന്നീട് വിധിച്ചു. അപകടമുണ്ടാക്കിയ വിദേശി സ്വദേശത്തേക്ക് രക്ഷപ്പെട്ടതിനാൽ ദിയാധനം നൽകേണ്ട ബാധ്യത ജാമ്യം നിന്ന സൗദി പൗരന്റെ ചുമലിലായി. ഭീമമായ ദിയാധനം നൽകാൻ കഴിയാത്തതിനാൽ സൗദി പൗരൻ ജയിലിലാവുകയായിരുന്നു. മനുഷ്യത്വം മുൻനിർത്തി തൊഴിലാളിയോട് കാണിച്ച ദയാവായ്പ് സൗദി പൗരന്റെ കാരാഗൃഹവാസത്തിന് ഇടയാക്കുകയായിരുന്നു.

തൊഴിലാളിയുണ്ടാക്കിയ അപകടത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് ദിയാധനം നൽകാൻ കഴിയാത്തതിനാൽ ആറു വർഷമായി ജയിലിൽ കഴിയുന്ന സൗദി പൗരനെ കുറിച്ച റിപ്പോർട്ട് അൽഇഖ്ബാരിയ ചാനൽ സംപ്രേക്ഷണം ചെയ്തതോടെയാണ് സംഭവം ശ്രദ്ധയിൽ പെട്ട് ദിയാധനം കൈമാറുന്നതിന് രാജാവ് ഉത്തരവിട്ടത്. നടപടികൾ പൂർത്തിയാക്കി സൗദി പൗരൻ വൈകാതെ മോചിതനാകും.

വാഹനാപകടവുമായി ബന്ധപ്പെട്ട കേസുകളിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മറ്റു രണ്ടു പേരും മലസ് ജയിലിൽ കഴിയുന്നുണ്ട്. ഇവരിൽ ഒരാൾക്ക് സ്‌കൂൾ ബസിൽ വാഹനം കൂട്ടിയിടിച്ച് വിദ്യാർഥിനി മരണപ്പെട്ട കേസിലാണ് കോടതി വധശിക്ഷ വിധിച്ചത്. പന്ത്രണ്ടു വിദ്യാർഥിനികളാണ് ബസിലുണ്ടായിരുന്നത്. മണിക്കൂറിൽ 170 കിലോമീറ്റർ വേഗതയിൽ റിയാദ് റിംഗ് റോഡിലൂടെ കാറോടിക്കുന്നതിനിടെ ടയർ പൊട്ടിത്തെറിച്ച് നിയന്ത്രണം വിട്ട കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് രണ്ടാമത്തെ കാർ ഡ്രൈവർ മരണപ്പെട്ട കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിയമ ലംഘകനും മലസ് ജയിലിൽ കഴിയുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*