ഈത്തപ്പന മടലിന്റെ വെളിച്ചത്തിൽ നിന്നും വൈദ്യുത വിളക്കിലേക്ക്‌ മദീന പള്ളി മാറിയ ചരിത്രം..!!

മദീന പള്ളിയിൽ ആദ്യമായി സ്ഥാപിക്കപ്പെട്ട ഇലക്ട്രിക് ബൾബിന്റെ ചരിത്രവും പള്ളിയിൽ ആദ്യമായി വെളിച്ചം തെളിച്ച ചരിത്രവും വളരെ കൗതുകമുണർത്തുന്ന വായനയാണു.

ഹിജ് റ 1325 ലാണു (1908) ആദ്യമായി ഒരു ഇലക്ട്രിക്‌ ബൾബ്‌ മദീന പള്ളിയിൽ സ്ഥാപിച്ചത് .
അന്ന് സ്ഥാപിച്ച അതേ ബൾബിന്മേൽ ആ വിവരം എഴുതിയത്‌ കാണാം.

ഉസ്മാനിയ ഖലീഫ സുൽത്താൻ അബ്ദുൽ മാജിദാണു മദീന പള്ളി വികസന സമയത്ത് ഈ ബൾബ് സ്ഥാപിച്ചത്. ആ കാലഘട്ടത്തിൽ തന്നെയാണു ആദ്യമായി അറേബ്യയിലേക്ക് വൈദ്യുതി എത്തിയതും.അറേബ്യൻ ഉപദ്വീപിൽ ആദ്യമായി വൈദ്യുതി വിളക്ക് കത്തിച്ചത് മദീനയിലെ നബിയുടെ (സ്വ) പള്ളിയിലാണു എന്നും പറയപ്പെടുന്നുണ്ട്.

മദീന പള്ളിയിൽ വിളക്കുകൾ സ്ഥാപിച്ച നാൾവഴികൾ
മദീന പള്ളിയിൽ ആദ്യ കാലത്ത് വെളിച്ചം ലഭിക്കാൻ ഈത്തപ്പന മടലുകൾ കത്തിക്കുകയായിരുന്നു പതിവ്. എന്നാൽ ഹിജ്-റ 9 ആം വർഷം(എ.ഡി.630) ഇസ്ലാം സ്വീകരിച്ച പ്രവാചകാനുയായി തമീമുദ്ദാരിയാണു മടലുകൾ കത്തിക്കുന്നതിനു പകരം എണ്ണ വിളക്കുകൾ സ്ഥാപിക്കാനുള്ള മാർഗനിർദ്ദേശം നൽകിയത്. അങ്ങനെ പള്ളിയിൽ എണ്ണ വിളക്കുകൾ തെളിയാൻ തുടങ്ങി.

രണ്ടാം ഖലീഫ ഉമർ ബിൻ ഖത്താബാണു മദീനാ പള്ളിയിൽ കൂടുതൽ വിളക്കുകൾ സ്ഥാപിക്കാൻ മുൻ കൈയെടുത്തത് എന്നാണു ചരിത്രകാരന്മാർ പറയുന്നത്. തറാവീഹ് നമസ്ക്കാരം ഒരു ഇമാമിന്റെ കീഴിലായി ഉമർ ബിൻ ഖത്താബിന്റെ കാലത്ത് നടപ്പാക്കിയപ്പോൾ ജനങ്ങൾ ധാരാളമായി രാത്രിയിൽ പള്ളിയിൽ വരികയും വിളക്കുകളുടെ എണ്ണം വർധിപ്പിക്കൽ ആവശ്യമാകുകയും ചെയ്യുകയുമായിരുന്നു.

പിന്നീട് വിവിധ ഭരണാധികാരികളുടെ കീഴിൽ ആവശ്യമായ വിളക്കുകൾ സ്ഥാപിച്ചുവെങ്കിലും എ.ഡി 1850 കളിൽ ഉസ്മാനിയ ഖലീഫ സുൽത്താൻ അബ്ദുൽ മജീദ് 600 എണ്ണ വിളക്കുകൾ പള്ളി വികസനത്തോടനുബന്ധിച്ച് സ്ഥാപിച്ചത് ചരിത്രത്തിൽ ഇടം പിടിച്ചു.സുൽത്താൻ അബ്ദുൽ മജീദ് രണ്ടാമന്റെ കാലത്ത് 1908 സെപ്തബറിലാണു മദീന പള്ളിയിൽ ആദ്യമായി വൈദ്യുത വിളക്ക് തെളിയാൻ തുടങ്ങിയത്.


1950 കളിൽ സൗദി രാഷ്ട്രപിതാവ് അബ്ദുൽ അസീസ് രാജാവിന്റെ പള്ളി വികസന പ്രക്രിയയോടനുബന്ധിച്ച് പള്ളിയിൽ 2427 ബൾബുകൾ സ്ഥാപിച്ചു. പള്ളിയിൽ വെളിച്ചം ലഭ്യമാക്കുന്നതിനായി പ്രത്യേക സ്റ്റേഷൻ അദ്ദേഹത്തിന്റെ കാലത്താണു ആരംഭിച്ചത്.മദീന പള്ളിയും പരിസരവും വില കൂടിയ ബൾബുകൾ കൊണ്ട് പരമാവധി അലങ്കരിക്കാൻ ശേഷം വന്ന എല്ലാ രാജാക്കന്മാരും എല്ലാ പിന്തുണയും സഹായവും ചെയ്യുകയായിരുന്നു. അത് ഇന്നും തുടർന്ന് കൊണ്ടിരിക്കുന്നു

Be the first to comment

Leave a Reply

Your email address will not be published.


*