യാത്രക്കാരുടെ സാധനങ്ങള്‍ കവര്‍ച്ച ചെയ്യുന്ന സംഘത്തിലെ മൂന്ന് പേര്‍ പിടിയില്‍.

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കയറ്റുമതിക്കെത്തിച്ച സാധനങ്ങള്‍ കവര്‍ച്ച ചെയ്യുന്ന സംഘത്തിലെ മൂന്ന് പേര്‍ പിടിയില്‍. സ്വകാര്യ കസ്റ്റംസ് ഹൗസ് ഏജന്‍സിയിലെ തൊഴിലാളികളാണ് പിടിയിലായത്. കാര്‍ഗോ വിഭാഗത്തിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്.

വിമാനത്താവളത്തില്‍ കയറ്റുമതിക്കായി എത്തിക്കുന്ന സാധനങ്ങള്‍ കൈകാര്യം ചെയ്യുന്നത് കരാറടിസ്ഥാനത്തില്‍ നിയോഗിക്കുന്ന സ്വകാര്യ കസ്റ്റംസ് ഹൗസ് ഏജന്‍സിയാണ്. ഇതിലെ ജീവനക്കാരായ സജാദ് സെയ്തുമുഹമ്മദ്, സുനില്‍ , ആഷിക് എന്നിവരാണ് സാധനങ്ങള്‍ മോഷ്ടിച്ചതിന് അറസ്റ്റിലായിരിക്കുന്നത്.

തിരുപ്പൂരില്‍ നിന്ന് യൂറോപ്പിലേക്കും അമേരിക്കയിലേക്കും മറ്റും കയറ്റിയയക്കുന്ന വസ്ത്രങ്ങളടങ്ങിയ പെട്ടികളില്‍ നിന്ന് വില കൂടിയ തുണികള്‍ നഷ്ടപ്പെട്ടതായി പരാതി ഉയര്‍ന്നിരുന്നു. തുണികളടങ്ങിയ പെട്ടികള്‍ പൊട്ടിച്ച് വസ്ത്രങ്ങളെടുത്ത് ഒളിപ്പിച്ചുവയ്ക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണത്തില്‍ വിമാനത്താവള അധികൃതര്‍ക്ക് കിട്ടി.

തുടര്‍ന്ന് കാര്‍ഗോ സുരക്ഷാവിഭാഗം നെടുമ്പാശ്ശേരി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കയറ്റുമതിക്കായി എത്തുന്ന പെട്ടികളില്‍ മറ്റെന്തെങ്കിലും വസ്തുക്കള്‍ അനധികൃതമായി കടത്തുന്നുണ്ടോ എന്നറിയാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചില പെട്ടികള്‍ തുറന്ന് നോക്കാറുണ്ട്. ഇങ്ങനെ തുറന്നത് എന്ന വ്യാജേനയാണ് പിടിയിലായവര്‍ പെട്ടികള്‍ തുറന്ന് കവര്‍ച്ച നടത്തിയത്

Be the first to comment

Leave a Reply

Your email address will not be published.


*