ഫിലിപ്പിനോ യുവതിയുടെ മൃതദേഹം ഫ്രീസറില്‍; വിദേശി ദമ്പതികളെ തൂക്കിക്കൊല്ലാന്‍ കുവൈത്ത് കോടതി വിധി

കുവൈത്ത് സിറ്റി: കോളിളക്കമുണ്ടാക്കിയ ഫിലിപ്പിനോ വീട്ടുജോലിക്കാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ വിദേശി ദമ്പതികളെ തൂക്കിക്കൊല്ലാന്‍ കുവൈത്ത് കോടതി വിധിച്ചു. കുവൈത്തിലെ പൂട്ടിയിട്ട അപാര്‍ട്ട്‌മെന്റില്‍ ഫിലിപ്പിനോ വീട്ടുജോലിക്കാരിയുടെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ചതായി കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് വിധി.

ഫിലിപ്പീന്‍സ് വേലക്കാരിയെ ജോലിക്കു നിര്‍ത്തിയ ലബനാന്‍ പൗരന്‍ നാദിര്‍ ഇസ്സാം, സിറിയക്കാരിയായ ഭാര്യ മുന ഹസ്സൂന്‍ എന്നിവര്‍ക്കെതിരേയാണ് അവരുടെ അഭാവത്തില്‍ കുവൈത്ത് ക്രിമിനല്‍ കോടതി തൂക്കിക്കൊല്ലാന്‍ വിധിച്ചത്. കുവൈത്തിലെ ഒരു വര്‍ഷത്തിലേറെയായി അടഞ്ഞുകിടക്കുകയായിരുന്ന ഫ്‌ളാറ്റിലായിരുന്നു 29കാരിയായ ജൊവാന ഡിമാഫെലിസിന്റെ മൃതദേഹം കണ്ടെത്തിയത്.

ഇവിടെ താമസിച്ചിരുന്ന ലബനീസ് പൗരനും സിറിയക്കാരിയായ ഭാര്യയും കൊലപാതകം നടത്തിയ ശേഷം മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ച് 2016 നവംബറില്‍ അപ്പാര്‍ട്ട്‌മെന്റ് ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിക്കുകയായിരുന്നു. ഇവര്‍ കുവൈത്ത് വിട്ടുപോകുന്നതിന് രണ്ടു ദിവസം മുന്‍പ് വീട്ടുജോലിക്കാരിയായ ഫിലിപ്പീന്‍ സ്ത്രീയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പോലിസില്‍ പരാതിയും നല്‍കിയിരുന്നു.

അടഞ്ഞു കിടക്കുകയായിരുന്ന കെട്ടിടത്തിന് ഒരു വര്‍ഷത്തിലേറെയായി വാടക ലഭിക്കാത്തതിനെ തുടര്‍ന്ന് കോടതി ഉത്തരവുമായെത്തിയ ഉടമസ്ഥന്‍ അപ്പാര്‍ട്ട്‌മെന്റ് തുറന്നപ്പോഴാണ് ഫ്രീസറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ പീഡനത്തിന്റെ പാടുകളുമുണ്ടായിരുന്നു. വീട് വാടകയ്‌ക്കെടുത്തിരുന്ന ഭാര്യയും ഭര്‍ത്താവും പിന്നീട് സിറിയയില്‍ പോലിസ് പിടിയിലായി.

ലബനാന്റെ അഭ്യര്‍ഥന മാനിച്ച് ഭര്‍ത്താവിനെ അവര്‍ക്ക് വിട്ടുകൊടുത്തിട്ടുണ്ട്. കുവൈത്തിലെ തൊഴില്‍ പീഡനങ്ങളില്‍ പ്രതിഷേധിച്ച് ഇവിടേക്ക് തൊഴിലാളികളെ അയയ്ക്കുന്നതു ഫിലിപ്പീന്‍സ് സര്‍ക്കാര്‍ നിര്‍ത്തിവച്ചതിനു പിന്നാലെയായിരുന്നു യുവതിയെ പീഡിപ്പിച്ചുകൊന്ന് മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ച സംഭവം പുറത്തുവന്നത്. ഇത് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*