ഭാഗ്യ ദേവത വീണ്ടും മലയാളിക്കൊപ്പം ; 20 കോടി രൂപ മലയാളിയായ പ്രവാസി ഡ്രൈവർക്ക്

അബുദാബി ∙ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും ഇന്ത്യൻ ഭാഗ്യം. മാർച്ചിലെ നറുക്കെടുപ്പിൽ 20 കോടിയിലേറെ രൂപ(12 ദശലക്ഷം ദിർഹം) ഇന്ത്യക്കാരന് ലഭിച്ചു. ജോൺ വർഗീസ് എന്നയാളാണ് ഭാഗ്യവാൻ. ഇദ്ദേഹം മലയാളിയാണെന്നാണ് ആദ്യം ലഭിക്കുന്ന വിവരം. ജോൺ എടുത്ത 093395 എന്ന ടിക്കറ്റാണ് കോടികൾ കൊണ്ടുവന്നത്.

രാവിലെ അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ അറൈവൽ ഹാളിലായിരുന്നു വിജയികളെ പ്രഖ്യാപിച്ചത്. 11 വർഷമായി ദുബായിൽ ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു ജോൺ വർഗീസ്. ദൈവത്തിന്റെ അനുഗ്രഹത്തിന് നന്ദിയെന്ന് ജോൺ പ്രതികരിച്ചു.

നറുക്കെടുപ്പിലെ ഏഴു സമ്മാനങ്ങളും ലഭിച്ചത് ഇന്ത്യക്കാർക്കാണ് ഇവരിൽ ഭൂരിഭാഗവും മലയാളികൾ ആണെന്നാണ് ആദ്യം ലഭിക്കുന്ന വിവരം. ജോണിനെ കൂടാതെ മൊയ്തു അയ്ക്കര (100,000 ദിർഹം), ഷിനു താഴത്തു വളപ്പിൽ (90,000 ദിർഹം), സണ്ണി ദേവസ്യക്കുട്ടി (80,000 ദിര്‍ഹം), രതീഷ് ശശിധരൻ (70,000 ദിർഹം), അറക്കൽ വളപ്പിൽ ഹരിദാസൻ (60,000), വിനോദ് കുമാർ ഗോപിനാഥൻ (50,000 ദിർഹം) എന്നിവരാണ് സമ്മാനം നേടിയർ. പാസ്പോർട്ടിലെ പേരുകൾ മാത്രമാണ് ഇപ്പോൾ നൽകിയിരിക്കുന്നത്.

ഇതു രണ്ടാം തവണയാണ് ഇത്രയും വലിയ സംഖ്യ സമ്മാനമായി നൽകുന്നത്. ഇതിന് മുൻപ് ജനുവരിയിൽ അജ്മാനിൽ താമസിക്കുന്ന ആലപ്പുഴ സ്വദേശി ഹരികൃഷ്ണന് 20 കോടി രൂപ സമ്മാനം ലഭിച്ചിരുന്നു.

പണം കൂടാതെ വിലകൂടിയ കാറുകളും അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ ലഭിക്കുന്നു. ഇതിൽ ഭൂരിഭാഗവും സമ്മാനം സ്വന്തമാക്കിയിട്ടുള്ളത് മലയാളികളടക്കമുള്ള ഇന്ത്യക്കാരാണ്. 500 ദിർഹമാണ് ടിക്കറ്റ് നിരക്ക്. രണ്ട് ടിക്കറ്റെടുത്താൽ ഒന്നു സൗജന്യമായി ലഭിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*