കാലാവസ്ഥ വ്യതിയാനം: ഉറുമ്പുകളെ സൂക്ഷിക്കണമെന്ന് പ്രവാസികൾക്ക് ആരോഗ്യ വിദഗ്തരുടെ മുന്നറിയിപ്പ്

റിയാദ് – തണുപ്പിൽ നിന്നു ചൂടിലേക്ക് മാറുന്ന ഗൾഫ് കാലാവസ്ഥയിൽ ഉറുമ്പുകളെയും തേളുകളെയും സൂക്ഷിക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. സൗദിയുടെ എല്ലാ ഭാഗങ്ങളിലും കണ്ടുവരുന്ന കറുത്ത ഉറുമ്പുകളും വടക്കൻ പ്രവിശ്യകളിലെ തേളുകളും മനുഷ്യർക്ക് ഭീഷണിയാണെന്നും പ്രത്യേകിച്ച് ആസ്ത്മ, അലർജി രോഗങ്ങളുള്ളവർ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണമെന്നും ആരോഗ്യ പ്രവർത്തകർ അറിയിച്ചു.

ആസ്ത്മ, അലർജി ബാധിതർ, നേരത്തെ ഉറുമ്പ് കടിയേറ്റ് അലർജിയുള്ളവർ എന്നിവർ ഡോക്ടർമാരുടെ നിർദേശപ്രകാരം അലർജിയുടെ മരുന്നുകൾ വീട്ടിൽ കരുതണം. അലർജിയുണ്ടായി ശ്വാസ തടസ്സം അനുഭവപ്പെട്ടിട്ടുള്ളവർ ഉറുമ്പുകടിയേറ്റാൽ ആന്റി ഹിസ്റ്റമിൻ ഗുളികകളോ എപീനഫ്രിൻ ഇഞ്ചക്ഷൻ മരുന്നോ വിദഗ്ധരുടെ നിർദേശപ്രകാരം ഉപയോഗിക്കണമെന്ന് കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റി പബ്ലിക് ഹെൽത്ത് സ്പഷ്യലിസ്റ്റ് ഡോ. അബ്ദുൽ അസീസ് പറഞ്ഞു.

എപീനഫ്രിൻ മസിലുകളിൽ ഇഞ്ചക്ട് ചെയ്യുകയാണ് വേണ്ടത്. ഈ മരുന്ന് പെന്നിന്റെ രൂപത്തിലും മാർക്കറ്റിൽ ലഭ്യമാണ്. ആസ്ത്മ, അലർജി ബാധിതർ വീട്ടിൽ നിന്ന് പുറത്തുപോകുമ്പോഴും ഇത്തരം മരുന്നുകൾ കൂടെ കരുതണം. വിഷ ജന്തുക്കളുടെ കടിയേറ്റാൽ മരുന്നുപയോഗിക്കുകയും ഉടൻ തന്നെ ആശുപത്രികളിലെത്തി ചികിത്സ തേടുകയും വേണം.

സാധാരണ ഗതിയിൽ ഇത്തരം വിഷബാധയേറ്റവർക്ക് ശ്വാസ തടസ്സം അനുഭവപ്പെടുകയാണ് ചെയ്യുന്നത്. ക്രമേണ ശ്വാസം നിലക്കും.പൂർണ ശ്വാസ തടസ്സം വന്നുപോയാൽ പിന്നെ രക്ഷയുണ്ടാകില്ല. ആസ്ത്മ, അലർജി ബാധിതർക്ക് മാത്രമാണ് ഇത്തരം ഉറുമ്പുകളുടെ ആക്രമണം സാരമായി ബാധിക്കുക.

എന്നാൽ ഇത് കാര്യമാക്കാതിരിക്കുന്നത് പലപ്പോഴും മരണത്തിന് കാരണമാകുന്നു.ആശുപത്രിയിലെത്തിച്ചാൽ തന്നെ കൃത്രിമ ശ്വാസം നൽകുന്ന സിപിആർ പ്രക്രിയക്ക് ഇരുപത് മിനിട്ടെങ്കിലും എടുക്കും. അതിനിടെ മസ്തിഷ്‌ക മരണം സംഭവിച്ചാൽ പിന്നെ ജീവിതത്തിലേക്ക് തിരിച്ചുവരാൻ പ്രയാസമാണെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്.

കഴിഞ്ഞ വർഷം ജൂണിൽ റിയാദിൽ വിഷ ഉറുമ്പ് കടിച്ച് മലയാളി യുവതി മരിച്ചിരുന്നു .രണ്ടു കുട്ടികളുടെ മാതാവായ കണ്ണൂർ സ്വദേശി സംറീൻ സഹേഷാണ് (36) മരണപ്പെട്ടത്.

കഴിഞ്ഞ ദിവസം റിയാദിൽ അടൂർ സ്വദേശിനി മരിക്കാനിടയായത് ഉറുമ്പു കടിച്ചുണ്ടായ വിഷബാധയെ തുടർന്നായിരുന്നു. ശ്വാസ തടസ്സം സംഭവിച്ച് ഹാർട്ട് നിന്നുപോയ അവസ്ഥയിലാണ് ആശുപത്രിയിൽ എത്തിക്കാനായത്

Be the first to comment

Leave a Reply

Your email address will not be published.


*