എയര്‍പോര്‍ട്ടില്‍നിന്ന് തിരിച്ചയക്കുന്നു; പാസ്‌പോര്‍ട്ട് പുതുക്കാന്‍ വന്‍ തിരക്ക്

റിയാദ് – എമിഗ്രേഷൻ ക്ലിയറൻസില്ലാത്തവരെ നാട്ടിലെ എയർപോർട്ടുകളിൽ തടയുന്നുവെന്ന വാർത്ത പ്രചരിച്ചതിനെ തുടർന്ന് സൗദി അറേബ്യയിലെ പാസ്‌പോർട്ട് സേവന കേന്ദ്രങ്ങളിൽ വൻ തിരക്ക്. റിയാദിലും ജിദ്ദയിലും എമിഗ്രേഷൻ ക്ലിയറൻസ് (ഇസിഎൻആർ) രേഖപ്പെടുത്താൻ പ്രതിദിനം നൂറിലേറെ അപേക്ഷകളാണ് ലഭിക്കുന്നത്. റീ എൻട്രിയിൽ പോയി തിരിച്ചുവരുന്നവരെ എമിഗ്രേഷൻ ക്ലിയറൻസിന്റെ പേരിൽ ഇന്ത്യൻ വിമാനത്താവളങ്ങളിൽനിന്ന് തിരിച്ചയക്കുന്നതായാണ് റിപ്പോർട്ട്.

കേരളത്തിൽ ഇത്തരം സംഭവങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ദൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലാണ് പ്രശ്‌നം. നേരത്തെ എമിഗ്രേഷൻ ക്ലിയറൻസില്ലാതെ വിദേശത്ത് പോയി തിരിച്ചുവന്നവർക്കാണ് യാത്രാ അനുമതി നിഷേധിക്കുന്നത്. എമിഗ്രേഷൻ ക്ലിയറൻസിന് അപേക്ഷ നൽകുന്നവരിൽ ഉത്തരേന്ത്യക്കാരാണ് കൂടുതലെങ്കിലും മലയാളികളും അപേക്ഷയുമായി എത്തുന്നുണ്ട്. രാവിലെ തന്നെ നീണ്ട നിര വി.എഫ്.എസ് സെന്ററുകൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നു. പലപ്പോഴും അപേക്ഷകരെ തിരിച്ചയക്കേണ്ടി വരുന്നുണ്ട്.

പാസ്‌പോർട്ട് സംബന്ധമായ മറ്റു സേവനങ്ങൾക്കെത്തുന്നവരും അതിരാവിലെ വി.എഫ്.എസ് കേന്ദ്രങ്ങളിലെത്തേണ്ട അവസ്ഥയാണ്. ഇന്ത്യയിൽ എല്ലാ വിമാനത്താവളങ്ങളിലും എമിഗ്രേഷൻ പരിശോധന നിലവിൽ കർശനമാണ്. എമിഗ്രേഷൻ നടപടികൾ ഇത്ര കർശനമല്ലാത്ത സമയത്ത് സൗദി അറേബ്യയിൽ എത്തുകയും ജോലി തുടരുകയും ചെയ്തവർ അവരുടെ എമിഗ്രേഷൻ ക്ലിയറൻസിനെ കുറിച്ച് ഇതുവരെ ചിന്തിച്ചിരുന്നില്ല. വർഷങ്ങളോളം വിദേശത്ത് ജോലി ചെയ്ത് റീ എൻട്രിയിൽ പോയി മടങ്ങിവരുന്നവരെ എമിഗ്രേഷൻ ക്ലിയറൻസിന്റെ പേരിൽ തടഞ്ഞുവെക്കാറില്ലെന്ന് ബന്ധപ്പെട്ടവർ വിശദീകരിക്കുന്നു.

മതിയായ യോഗ്യതകളില്ലാതെ വർഷങ്ങൾക്ക് സൗദി അറേബ്യയിലെത്തി ഇതുവരെ പാസ്‌പോർട്ടിൽ ഇസിഎൻആർ രേഖപ്പെടുത്താത്തവരാണ് ഇപ്പോൾ പാസ്‌പോർട്ട് ഓഫീസുകളിലെത്തുന്നത്. പുതിയ പാസ്‌പോർട്ട് ഇവിടെ നിന്ന് ലഭിക്കുന്നതോടെ ഇസിഎൻആർ രജിസ്റ്റർ ചെയ്യപ്പെടും. നിലവിൽ ഫൈനൽ എക്‌സിറ്റിന് ഉദ്ദേശിക്കുന്ന എമിഗ്രേഷൻ ക്ലിയറൻസ് ഇല്ലാത്തവരും പാസ്‌പോർട്ട് പുതുക്കി ഇസിഎൻആർ രജിസ്റ്റർ ചെയ്താണ് നാട്ടിൽ പോകുന്നത്. വിദേശത്ത് മൂന്നു വർഷം ജോലി ചെയ്താൽ ഇസിഎൻആറിന് അർഹരാണ്.

എന്നാൽ ഈ ആനുകൂല്യം ലഭിക്കണമെങ്കിൽ അത് പാസ്‌പോർട്ടിൽ കാണിക്കണം. നേരത്തെ പ്രത്യേക സീൽ ചെയ്താണ് ഇസിഎൻആർ രേഖപ്പെടുത്തിയിരുന്നത്. ഇപ്പോൾ ആ സംവിധാനം നിർത്തി അപേക്ഷകർക്ക് പുതിയ പാസ്‌പോർട്ടാണ് നൽകുന്നത്. ഇതിനായി ഇസിഎൻആർ ആവശ്യപ്പെട്ട് പാസ്‌പോർട്ട് പുതുക്കാനുള്ള അപേക്ഷ നൽകിയാൽ മതി. അപേക്ഷകർക്ക് ഒരാഴ്ചക്കകം ഇസിഎൻആർ പാസ്‌പോർട്ട് ലഭിക്കും.

മൂന്നു വർഷം വിദേശത്ത് താമസിച്ചവർ, പത്താം ക്ലാസിന് മുകളിൽ വിദ്യാഭ്യാസമുള്ളവർ, അംഗീകൃത വൊക്കേഷണൽ ഡിപ്‌ളോമ കോഴ്‌സ് നേടിയവർ, പ്രൊഫഷണൽ ഡിഗ്രിയുള്ളവർ, ഇൻകം ടാക്‌സ് അടയ്ക്കുന്നവർ, 1947 ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ ആക്ട് പ്രകാരം യോഗ്യതയുളള നഴ്‌സുമാർ, ഗസറ്റഡ് സർക്കാർ ഉദ്യോഗസ്ഥർ, 50 വയസ്സിന് മുകളിലുളളവർ, മാതാപിതാക്കളെ അനുഗമിക്കുന്ന 18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾ തുടങ്ങിയവരാണ് ഇന്ത്യൻ പാസ്‌പോർട്ട് നിയമപ്രകാരം ഇസിഎൻആറിന് അർഹരായവർ.

ഇസിഎൻആറിനുള്ള അപേക്ഷകർ പുതിയ പാസ്‌പോർട്ടിനുള്ള ഫോം, ഒറിജിനൽ പാസ്‌പോർട്ട്, ഇസിഎൻആർ അഫിഡവിറ്റ് എന്നിവയുമായി സേവന കേന്ദ്രങ്ങളിലെത്തി പാസ്‌പോർട്ട് പുതുക്കാനുളള ഫീടച്ച് അപേക്ഷിക്കണം. 10 വർഷ കാലാവധിയുള്ള പാസ്‌പോർട്ടാണ് ലഭിക്കുക.

Be the first to comment

Leave a Reply

Your email address will not be published.


*